കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാവക്കാട് മേഖല പ്രവര്‍ത്തകയോഗം തമ്പുരാന്‍പടി വായനശാലയില്‍ വെച്ച് നടന്നു. മേഖലാ പ്രസിഡണ്ട് ശ്രീ. എ സായിനാഥന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ശ്രീ. വി മനോജ്കുമാര്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ടി പി ഷെദീദ് മേഖലാ റിപ്പോര്‍ട്ടിംഗ് നടത്തി. തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം ഗുരുവായൂര്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനത്തില്‍ ഇടപെടാനും ജനാരോഗ്യ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനുമുള്ള പ്രവര്‍ത്തനം, ഈ വര്‍ഷത്തെ മേഖലാ പ്രവര്‍ത്തനമായി ഏറ്റെടുക്കുവാനും തീരുമാനിച്ചു.
വൈകീട്ട് അഞ്ചരക്ക് തമ്പുരാന്‍പടി സെന്ററില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ 'എന്റോസള്‍ഫാനും നിരോധനവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് പരിഷത്ത് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പ്രൊഫ. വി ആര്‍ രഘുനന്ദനന്‍ സംസാരിച്ചു. ആഗോളതല നിരോധനം കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനം പൂര്‍ണ്ണമാവില്ലെന്നും അതിന് പുരോഗമന സംഘടനകളും പരിഷത്തുള്‍പ്പെടെയുള്ള ശാസ്ത്ര സംഘടനകളും ഉയര്‍ന്ന തലത്തില്‍ ഇനിയും എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃഷി ശാസ്ത്രജ്ഞന്മാര്‍ ഇന്ന് കൃഷിയെ പൂര്‍ണ്ണസ്ഥിതിയിലെത്തിക്കാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് കീടനാശിനികള്‍ . എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം മനുഷ്യനടക്കമുള്ള മറ്റു ജീവികള്‍ക്ക് കീടനാശിനികള്‍ കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കാതെ കീടനാശിനികളുടെ നിരോധനത്തെ എതിര്‍ത്തുകൊണ്ട് സംസാരിക്കുന്നത് നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്നു. ശാസ്ത്രസംഘടനയായ പരിഷത്ത് പോലുള്ളവക്ക് അത്തരത്തില്‍ വെറുതേ പറഞ്ഞു പോവാന്‍ സാധ്യമല്ലെന്നും മനുഷ്യനടക്കമുള്ള ജീവികള്‍ക്ക് ഹാനികരമായ വിഷവസ്തുക്കളെ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നിരോധിക്കണമെന്നും അതിനു വേണ്ട പഠനം നടത്തി പാര്‍ലമെന്റ് പോലുള്ള വേദികളില്‍ നിരോധനത്തിനു വേണ്ട സമ്മര്‍ദ്ദം ചെലുത്തുവാന്‍ കൂടുതല്‍ അധ്വാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡണ്ട് ശ്രീ എ സായിനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ടി പി ഷെദീദ് സ്വഗതവും ട്രഷറര്‍ ശ്രീ കെ ആര്‍ ഗോപി നന്ദിയും പറഞ്ഞു.